സ്ത്രീകളോടുള്ള വര്‍ത്തമാനങ്ങള്‍/
സൈനബുല്‍ ഗസ്സാലി
നവവധുവിനോട്
ദാമ്പത്യ ജീവിതം ഒരു സംയുക്ത സംവിധാനമാണ്. സഹകരണവും പരിഗണനയും പരിചയവും ആവശ്യമുള്ള സംവിധാനം.
ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ ഇതാകുന്നു. വൈവാഹിക ജീവിതം വിജയിപ്പിക്കാനും ഭാര്യ-ഭര്‍ത്താക്കന്മാര്‍ പരമാവധി ശ്രദ്ധിക്കുക. ഖുര്‍ആന്‍ പറഞ്ഞല്ലോ: "അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചുതന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതത്രേ. അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്നേഹവും കാരുണ്യവുമുണ്ടാക്കിത്തന്നിരിക്കുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.'' (അര്‍റൂം: 21) അപ്പോള്‍ വിവാഹം പരസ്പര മത്സരത്തിനുള്ള വേദിയല്ല. ആധിപത്യമുറപ്പിക്കാനുള്ളതുമല്ല. സ്നേഹ കരുണ്യങ്ങളുടെ വേദിയാണ്. ഭൌതികമോ ഔപചാരികമോ ആയ ബന്ധമെന്നതിലുപരി ആത്മീയവും മാനസികവും വൈകാരികവും മതപരവുമായ ബന്ധമാണത്.
നവവധുവിനോട് എനിക്കൊന്നാമതായി ഉപദോശിക്കാനുള്ളത് അവള്‍ തന്റെ പുതിയ വീട്ടിലെയും പുതുമാരന്റെയും രഹസ്യങ്ങള്‍ കൂട്ടുകാരികളില്‍നിന്നും കുടുംബങ്ങളില്‍നിന്നും മറച്ചുവെക്കണമെന്നതാണ്. ഈ ബന്ധത്തിന് ഒരു പ്രത്യേകതയുണ്െടന്നും അത് തന്നിലും തന്റെ ഭര്‍ത്താവിലും ഒതുങ്ങുന്നതാണെന്നും അവളറിയണം. ഭര്‍ത്താവുമായി വല്ല അഭിപ്രായവ്യത്യാസവുമുണ്ടായാല്‍ പുറത്തുനിന്നുള്ള ഇടപെടല്‍ കൂടാതെ തന്നെ അവ സ്നേഹപൂര്‍വ്വം പരിഹരിക്കാവുന്നതേയുള്ളൂ. വിഷയം പുറെത്തെത്തിയാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവും എന്ന് മനസ്സിലാക്കണം. കാരണം പലര്‍ക്കും പല അഭിപ്രായങ്ങളും പല താല്‍പര്യങ്ങളുമായിരിക്കും. എന്റെ അനുഭവത്തില്‍ പ്രശ്നങ്ങള്‍ ഇങ്ങനെ പുറത്തുപറഞ്ഞ സ്ത്രീകള്‍ അവ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേ ചെയ്തിട്ടുള്ളൂ.
എല്ലാ വീട്ടിലും ധാരാളം പ്രശ്നങ്ങളുണ്ടാവുമെന്ന് ഭാര്യ മനസ്സിലാക്കണം. ക്ഷമിച്ചും പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും പരിഹരിക്കാവുന്നതേയുള്ളൂ അവ. അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുമ്പോള്‍ അവ സ്നേഹത്തിന്റെ സുപ്രയില്‍വെച്ച് ഉടന്‍ പരിഹരിക്കുക.
രണ്ടാമത്തെ കാര്യം: ഭാര്യക്കും ഭര്‍ത്താവിനും അവരുടേതായ പ്രത്യേക ജീവിത രീതിയും പ്രകൃതവും സംസ്കാരവുമൊക്കെയുണ്ടാവും. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചും ഓരോരുത്തരെ മനസ്സിലാക്കാനും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളറിയാനുമമുള്ള ക്ഷമ കാണിക്കുക. എങ്കിലേ അതനുസരിച്ചു പെരുമാറാന്‍ കഴിയുകയുള്ളൂ. ചിലപ്പോള്‍ ആറുമാസമോ ഒരു വര്‍ഷമോ വേണ്ടിവരും ഭാര്യക്ക് തന്റെ ജീവിത പങ്കാളിയുടെ പ്രകൃതം മനസ്സിലാക്കാന്‍. അത് കൊണ്ട്തന്നെ ക്ഷമ അനിവാര്യം.
മൂന്നാമതായി എനിക്ക് പറയാനുള്ളത്: തന്നെ ഇതുവരെ വളര്‍ത്തിയ വ്യക്തിക്ക് പകരം മറ്റൊരാളുടെ ഉത്തരവാദിത്തത്തിലാണ് ഇനി താനുള്ളത് എന്ന് നവവു മനസ്സിലാക്കുക. ഭര്‍ത്താവിന്റെ ഉത്തരവാദിത്തത്തില്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതും അദ്ദേഹത്തിന്റെ അഭിമാനവും സ്വത്തും സംരക്ഷിക്കേണ്ടതും അദ്ദേഹത്തിന് സംതൃപ്തി പ്രദാനം ചെയ്യേണ്ടതും തന്റെ ബാധ്യതയാണ്. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ മുഴുവനും ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും വിലകല്‍പ്പിക്കുക. ജീവിതത്തിലും കര്‍മത്തിലും സ്വഭാവത്തിലും മുന്നോട്ടുപോവാന്‍ പ്രചോദനം നല്‍കുക. സാഹചര്യം മാറിയിരിക്കുന്നുവെന്നും ഇനി മാതാപിതാക്കളേക്കാളും അനുസരിക്കേണ്ടത് ഭര്‍ത്താവിനെയാണെന്നും ഭാര്യ അറിഞ്ഞിരിക്കണം. സ്വാഭാവികമായും ദൈവഹിതം നോക്കിയേ അനുസരണം പാടുള്ളൂ.
നാലാമത്തെ കാര്യം: ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്തുവെക്കുന്ന നവവധു ഭര്‍ത്താവിന് സംതൃപ്തി നല്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് മാര്‍ഗങ്ങള്‍ ധാരാളം. ഉദാഹരണം: ജോലി കഴിഞ്ഞെത്തുമ്പോള്‍ ഭര്‍ത്താവ് കാണുന്നു. നല്ല അടുക്കും ചിട്ടയുമുള്ള വീട്, സ്വാദിഷ്ടമായ ഭക്ഷണം, സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഭാര്യ, അവളുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. ഭര്‍ത്താവിന് ഭക്ഷണം വിളമ്പി അവളും കൂടെയിരിക്കുന്നു. പ്രിയതമന് ഭക്ഷണം വായില്‍ വെച്ചുകൊടുക്കുക കൂടി ചെയ്താല്‍ ഭംഗിയായി. ഈ പരിചരണത്തില്‍ ഭര്‍ത്താവ് മതിപ്പു പുലര്‍ത്താതിരിക്കില്ല. തനിക്ക് സംതൃപ്തി നല്‍കാന്‍ വെമ്പുന്ന ഭാര്യയോട് അദ്ദേഹത്തിന് നന്ദിയുണ്ടാവും.
അതുപോലെതന്നെ ഭര്‍ത്താവിനോട് താനുദ്ദേശിക്കുന്ന കാര്യം പറയുന്നത് പറ്റിയ സമയം തെരഞ്ഞെടുത്തേ ആകാവൂ. ചിലപ്പോള്‍ ഒരു വിഷയത്തെക്കുറിച്ച് ആയെങ്കില്‍ പ്രശ്നങ്ങളെക്കുറിച്ച ചര്‍ച്ചയായിരിക്കും. അല്ലെങ്കില്‍ ഒരു വാര്‍ത്തയായിരിക്കും. എന്താവട്ടെ, കാരണം എല്ലാ സമയത്തും എല്ലാം കേള്‍ക്കാന്‍ പാകത്തിലായിരിക്കില്ല അദ്ദേഹം.
ഭര്‍തൃ കുടുംബത്തോട് നന്നായി പെരുമാറുക. ഭര്‍ത്താവിന് സംതൃപ്തി നല്‍കുന്ന ബാധ്യതകളില്‍ പെട്ടതുതന്നെയാണത്. ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റം മറിച്ചായിരുന്നാല്‍പോലും. കുടുംബബന്ധം ഊട്ടിയുറപ്പിക്കാനും വേണ്ടിവന്നാല്‍ സഹായങ്ങള്‍ ചെയ്യാനും ഭര്‍ത്താവിനെ പ്രേരിപ്പിക്കുക. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഭാര്യ മുഖേന ഭര്‍ത്താവ് സൌഭാഗ്യവാനാകുന്നു. അദ്ദേഹത്തിന് അവളോടുള്ള സ്നേഹവും മതിപ്പും വര്‍ധിക്കുന്നു.
എന്റെ പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ള മറ്റൊരു കാര്യം അസ്വാരസ്യങ്ങളുണ്ടാവുമ്പോള്‍ ഉടനത്തന്നെ രജ്ഞിപ്പിലെത്താനുള്ള സന്നദ്ധത പ്രകടിപ്പിക്കുക എന്നതാണ്. നിങ്ങളുടെ ഭാഗത്താണ് തെറ്റെങ്കില്‍ ക്ഷമചോദിക്കുക. പരിധിവിട്ട് പെരുമാറിയിട്ടുണ്െടങ്കില്‍ മാപ്പപേക്ഷിക്കണം. സ്നേഹത്തിന്റെ അടിസ്ഥാനമാണത്. ഭാര്യയാവട്ടെ, ഭര്‍ത്താവാകട്ടെ, ആരുടേയും അന്തസ്സിന് അതൊരു പോറലുമേല്‍പ്പിക്കില്ല. കാരണം ഭാര്യയുടെ അന്തസ്സ് ഭര്‍ത്താവിന്റെ അന്തസ്സാണ്. ആരെങ്കിലും ഭാര്യയെ നിന്ദിക്കുന്നുവെങ്കില്‍ സ്വയം നിന്ദിക്കുന്നുവെന്നാണര്‍ഥം.
കോപിഷ്ഠനായ മനുഷ്യനോട് പിശാച് മന്ത്രിച്ചുകൊണ്ടിരിക്കും; 'നിന്റെ അന്തസ്സിന് നിരക്കുന്നതല്ല വിട്ടുവീഴ്ച' എന്ന്. ഇവിടെ പിശാചിനെ നിരസിക്കുക. വേഗം സന്ധിയാവുക. നല്ലൊരു ഭാര്യ, ഭര്‍ത്താവിന് തന്നോട് വിമ്മിഷ്ടമുള്ള അവസ്ഥയില്‍ അന്തിയുറങ്ങാന്‍ വിടില്ല. പകരം അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ ക്ളേശിക്കുകയാണ് ചെയ്യുക. ജിഹാദം, ജുമുഅ-ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന്ന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങള്‍ ഒരുപാടുണ്െടന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട സ്ത്രീക്ക് നബി (സ) നല്കിയ മറുപടിയാണവള്‍ ഓര്‍ക്കുക. പ്രവാചകന്‍ പറഞ്ഞു: "ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ലപെരുമാറ്റം അവയ്ക്കൊക്കെ പകരം നില്ക്കും.'' ദൈവപ്രീതി ലക്ഷ്യംവെച്ച് ദൈവത്തിനെ അനുസരിച്ച് ഭര്‍ത്താവിനെ പരിചരിക്കുന്ന ഭാര്യയുടെ സേവനങ്ങള്‍ ഒരിക്കലും വൃഥാവേലയല്ല എന്ന് ചുരുക്കം.
നവവധുവിന് നല്കാനുള്ള മറ്റൊരു ഉപദേശം: വിവാഹം ഒരു സന്ദേശവും മതനിഷ്ഠയുമുള്ള മുസ്ലിം സമൂഹത്തെ സൃഷ്ടിക്കാനുമുള്ള മാധ്യമവുമാണെന്ന് മനസ്സിലാക്കുക. വിവാഹം ഒരു നിര്‍മാണമാകുന്നു. ഉന്നതവും വിശുദ്ധവുമായ ലക്ഷ്യങ്ങളുള്ള നിര്‍മാണം. ദമ്പതികളുടെ മനസ്സില്‍ ഈ സങ്കല്‍പം വ്യക്തമായുണ്െടങ്കില്‍ അത് വിജയകരമായ ദാമ്പത്യ ജീവിതത്തിന് സഹായകമാവും. വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യം ആസ്വാദനവും വികാരപൂര്‍ത്തീകരണവുമല്ല. അതുണ്െടങ്കില്‍ സന്തോഷം അല്ലെങ്കില്‍ കശപിശ എന്നല്ല. വിവാഹം ശാരീരികമായ ബന്ധമാവുന്നതിന്നു മുമ്പ് ആത്മബന്ധമാകുന്നു. വികാരങ്ങളുടെ കൂടിച്ചേരല്‍ എന്നതിലുപരി ലക്ഷ്യങ്ങളുടെ സംഗമമാകുന്നു അത്.
ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിക്കുക എന്ന അടിസ്ഥാനം വിവാഹത്തില്‍ ദീക്ഷിക്കപ്പെടേണ്ടതുണ്ട്. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇരു വിഭാഗവും 'ശറഇ' നോടാണ് വിധി തേടേണ്ടത്. ഈമാനും ഖുര്‍ആനും അടിത്തട്ടുകളാവാത്ത വിവാഹം ആചാരങ്ങളുടെയും താല്പര്യങ്ങളുടെയും ആകത്തുകയായിരിക്കും. അതുമൂലമാവട്ടെ, ചിലപ്പോള്‍ അനീതി സംഭവിക്കുന്നു. വിശിഷ്യാ സ്ത്രീയുടെ കാര്യത്തില്‍. അത്കൊണ്ട് മുസ്ലിം പെണ്‍കുട്ടിയോട് ദീനും ഉത്കൃഷ്ട സ്വഭാവവുമുള്ളവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് ഞാനെപ്പോഴും പറയുന്നു.
അമിതാവേശമാവരുത് എന്നതാണ് മറ്റൊരു കാര്യം. അത് പിരിമുറുക്കത്തിനും അസ്വസ്ഥതക്കും തെറ്റിദ്ധാരണക്കുമിടവരുത്തും. ശ്ളാഘനീയമായ സ്നേഹം ഭര്‍ത്താവിനെ സന്തോഷിപ്പിക്കും. പക്ഷേ, ഭര്‍ത്താവിന് അരോജകമാവും വിധമാവരുത് സ്നേഹപ്രകടനം. സന്തുലിതത്വം പാലിക്കുക.
ഭര്‍ത്താവുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ വല്ല അഭിപ്രായവ്യത്യാസവുമുണ്ടാവുമ്പോഴേക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോവരുത്. പകരം, ധാരാളം ക്ഷമിക്കുക. എന്നിട്ട് പറ്റിയ പരിഹാരമാര്‍ഗം അന്വേഷിക്കുക. വീട്ടിലേക്കോടിപ്പോവുന്നതോടെ മാനസികവും വൈകാരികവുമായ പോറലുകളുണ്ടാവുന്നു. മറ്റുള്ളവര്‍ക്കിടപെടാന്‍ അവസരങ്ങള്‍ ലഭിക്കുന്നു. തെളിഞ്ഞു ശുദ്ധമായി നിന്നിരുന്ന ദാമ്പത്യബന്ധം കലങ്ങുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും ഭര്‍തൃഗൃഹം വിട്ടുപോവില്ല എന്ന് തീരുമാനിക്കണം. ഭര്‍തൃഗൃഹത്തില്‍നിന്നോടിപ്പോയി പിന്നെ ഖേദിക്കുന്ന എത്ര പേരെ എനിക്കറിയാമെന്നോ? ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് പോയത് കൂടുതല്‍ വലിയ ദുരിതത്തിലേക്കാണ് എന്നവര്‍ക്ക് പിന്നീട് ബോധ്യപ്പെട്ടു!
തന്റെ പങ്ക് തിരിച്ചറിയുന്ന, ലക്ഷ്യം മനസ്സിലാക്കുന്ന, അല്ലാഹുവുമായുള്ള ബന്ധം നന്നാക്കി, ഭര്‍ത്താവിനെ അനുസരിച്ച് തന്റെ പുതിയ ഗേഹം ഒരു വിജയമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന നവവധു സൌഭാഗ്യവതിയായിരിക്കും. അവളുടെ കുടുംബവും സമൂഹവും സമുദായവും സൌഭാഗ്യവാന്മാരായിരിക്കും. അല്ലാഹു സഹായിക്കട്ടെ.
നിങ്ങളുടെ ബാധ്യത
അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന കര്‍മം ഉല്‍കൃഷ്ടമാകുന്നു. ഉന്നതപദവിയാണത്. അതനുഷ്ഠിക്കുന്നവര്‍ ഐഹിക ജീവിതത്തില്‍ സൌഭാഗ്യവാന്മാരാകുന്നു. പാരതൃക ജീവിതത്തില്‍ പ്രതിഫലാര്‍ഹരും. പ്രവാചകന്മാരുടെ ദൌത്യമായിരുന്നു അത്, നമ്മുടെ പ്രവാചകന്റേതുള്‍പ്പടെ. പ്രവാചകനില്‍നിന്ന് നാം അനന്തരമായി ഏറ്റെടുക്കുന്നു ആ ദൌത്യം.
പ്രബോധനം എന്ന ഉല്‍കൃഷ്ടകൃത്യം പുരുഷന്മാര്‍ക്ക് മാത്രം ബാധകമായതല്ല, സ്ത്രീകള്‍ക്കുകൂടി ബാധ്യതപ്പെട്ടതാണത്. ഖുര്‍ആന്‍ പുരുഷന്മാരെ മാത്രമല്ല അഭിസംബോധന ചെയ്യുന്നത്. വിശ്വസിച്ചവരേ എന്നു വിളിക്കുമ്പോള്‍ അതില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടും. ആദ്യകാല ഇസ്ലാമിക സമൂഹം പ്രബോധന ബാധ്യത നന്നായി നിര്‍വ്വഹിച്ചു. ആ രംഗത്ത് സ്ത്രീകള്‍ക്ക് വഹിക്കാവുന്ന പങ്ക് പ്രായോഗികമായി തെളിയിച്ചു. പ്രബോധകകളായ എത്രയോ സ്ത്രീകളുടെ കര്‍മ്മമാതൃകകള്‍ ചരിത്രകൃതികളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഉമ്മുശരീക്കുല്‍ അസദിയ്യ ഒരുദാഹരണം. പുരുഷന്മാര്‍പോലും അവരുടെയടുത്ത് വിജ്ഞാനം തേടിയെത്താറുണ്ടായിരുന്നു. നബിയുടെ കാലത്തുതന്നെ ക്ളാസെടുക്കുന്നതിലും ഉപദേശങ്ങള്‍ നല്‍കുന്നതിലും അവര്‍ പ്രസിദ്ധയായിത്തീര്‍ന്നു. പീഢനവും ബന്ധനവും അവരെ ദൌത്യത്തല്‍നിന്ന് പിന്തിരിപ്പിച്ചില്ല. അതിനുവേണ്ടി അവര്‍ ജീവന്‍ ഉഴിഞ്ഞുവെക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കട്ടെ.
സമുദായത്തിന്റെ അവസ്ഥയറിയുമ്പോള്‍ പ്രബോധനരംഗത്ത് സ്ത്രീ തന്റെ പങ്ക് നിര്‍വഹിക്കേണ്ടതിന്റെ അനിവാര്യത നന്നായി ബോധ്യപ്പെടും. ആഭാസങ്ങളുടെ പ്രചാരണത്തിന് പാശ്ചാത്യന്‍ അരാജകവാദികള്‍ സ്ത്രീകളെ ആയുധമാക്കുന്നു. സമൂഹത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ തച്ചുടക്കുന്നു. ഇസ്ലാം വിരുദ്ധരായ സെക്കുലറിസ്റുകള്‍ പാശ്ചാത്യരെ അനുകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. മുസ്ലിം സ്ത്രീകളെ പിശാചിന്റെ കളിപ്പാവയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ദൃശ്യ-ശ്രാവ്യ-വായനാ മാധ്യമങ്ങളിലൂടെ സ്ത്രീയെ കുഴപ്പത്തിന്റെ പ്രഭവകേന്ദ്രമാക്കി നിര്‍ത്തുന്നു. മതബോധതത്തിന്റെയും ഇസ്ലാമിക ശിക്ഷണത്തിന്റെയും ഇസ്ലാമിക വിജ്ഞാനത്തിന്റെയും അഭാവത്തില്‍ പല സ്ത്രീകളും അതിലൊക്കെ പെട്ടുപോകുകയും ചെയ്യുന്നു.
സ്ത്രീകള്‍ക്കിടയില്‍ പ്രബോധനം നടത്താന്‍ ഏറ്റവും അനുയോജ്യ സ്ത്രീ തന്നെയാണ്. കാരണം അവള്‍ക്കാണല്ലോ സ്ത്രീകളുടെ പ്രകൃതവും പ്രത്യേകതകളും കൂടുതലറിയുക. അവരുടെ മനസ്സിലേക്ക് കടക്കാന്‍ കഴിയുന്നതും അവള്‍ക്കുതന്നെയായിരിക്കും.
പ്രബോധനത്തിന് ധാരാളം മേഖലകളുണ്ട്. അത് വെറും പള്ളിയില്‍ വെച്ചുള്ള വര്‍ത്തമാനമല്ല. സ്റഡീക്ളാസല്ല, പെരുമാറ്റരീതിയാണ്, ഉന്നത സ്വഭാവങ്ങളാണ്, അമൂല്യമായ ഗുണകാംക്ഷയാണ്, തുളുമ്പുന്ന സ്നേഹമാണ്, സത്യസന്ധമായ സാഹോദര്യമാണ്, നന്മകളുടെ വൈവിധ്യമാണ്, പ്രതികൂലാവസ്ഥയിലെ സഹനമാണ്. ഈയര്‍ഥത്തില്‍ പ്രബോധനത്തിന് വിശാലമായ മേഖലകളുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ക്ളാസെടുക്കാന്‍ കഴിയില്ല. പക്ഷെ, ഒരാളുമായി നല്ല ബന്ധമുണ്ടാക്കി നല്ല ഉപദേശം നല്‍കാനാവും. ഇങ്ങനെ എല്ലാവരും തനിക്ക് നിര്‍വഹിക്കാവുന്നതെന്താണെന്ന് കണ്െടത്തണം. അങ്ങനെയാവുമ്പോള്‍ വീടും കുടുംബവും നോക്കാനേ സമയമുള്ളൂ എന്ന വാദം നിരര്‍ഥകമാകും. ദീനും പ്രബോധനവുമൊക്കെ മറന്ന് ചിലര്‍ സാധാരണ സ്ത്രീകളാവുകയും സ്വന്തം ബാധ്യതകള്‍ വിസ്മരിക്കുകയും ചെയ്യുന്നുണ്ട്.
കുടുംബ പരിപാലനത്തിനും പ്രബോധനകര്‍മത്തിനുമിടയില്‍ സന്തുലിതത്വം പാലിക്കണം. ഒന്നു തീരെ ഉപേക്ഷിച്ച് മറ്റേത് മാത്രമാവാം എന്ന് കരുതരുത്. സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കുക. കുട്ടി ചെറുതാണെങ്കില്‍ സന്താനപരിപാലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാം. പക്ഷേ, അപ്പോഴും പ്രബോധനപ്രവര്‍ത്തനം തീരെ വേണ്െടന്ന് വെക്കരുത്. പ്രബോധന ബാധ്യത തിരിച്ചറിയുകയും മുസ്ലിം സ്ത്രീകളെ ബോധവല്‍ക്കരിക്കാന്‍ തന്റെ ഊര്‍ജം ചെലവഴിക്കുകയും ചെയ്യുന്ന, ആദര്‍ശത്തെ പ്രതിരോധിച്ചു നില്ക്കുന്ന വനിതകളെയാണ് നമുക്കു വേണ്ടത്.
അമ്മായിപ്പോര്
ഭാര്യയും ഭര്‍തൃമാതാവും തമ്മിലുള്ള പോരിന് ചരിത്രത്തിന്റെ പഴക്കമുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം പലപ്പോഴും വഷളാവുന്നു. ഭര്‍ത്താവാണോ കാരണക്കാരന്‍? അതോ ഭാര്യയോ ഭര്‍തൃമാതാവോ?
ഭാര്യയുടെ ഭാഗത്തുനിന്നാവാം ചിലപ്പോള്‍ പ്രശ്നങ്ങള്‍. ഭര്‍തൃമാതാവിന്റെ ഭാഗത്തുനിന്നും ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാവാം. വീട്ടില്‍ സ്വതന്ത്രമായി ഭരണം നടത്തണമെന്നാണ് ഭാര്യയുടെ പൂതി. തന്റെ ഭര്‍ത്താവല്ലാതെ മറ്റാരും അതില്‍ ഇടപെടരുത്. ഈ ഭര്‍ത്താവ് ഒരു കുടുംബത്തിലെ പുത്രനാണെന്നതും അദ്ദേഹത്തിനെ കഷ്ടപ്പെട്ട് പോറ്റിവളര്‍ത്തി വലുതാക്കി അവളുടെ ഭര്‍ത്താവാക്കിയ ഒരു മാതാവുണ്െടന്നതും അവള്‍ മറന്നുകളയുന്നു.
മറുവശത്ത് അമ്മായിയമ്മയ്ക്കാവട്ടെ മകന്‍ തന്നില്‍നിന്ന് വേര്‍പെടുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ല. ഭാര്യ അയാളെ തന്നില്‍നിന്നടര്‍ത്തിയെടുത്ത് സ്വന്തമാക്കിയെന്നും പോറ്റിവളര്‍ത്തിയ തന്നില്‍നിന്നകറ്റിയെന്നും അവര്‍ കരുതുന്നു. പുറമേ ഭാര്യയും അമ്മായിയമ്മയും രണ്ടും രണ്ടു തലമുറയാവുന്ന സ്വാഭാവികമായ അഭിപ്രായ വ്യത്യാസങ്ങളും. പഴയ തലമുറക്ക് പുതിയ തലമുറയുടെ പെരുമാറ്റങ്ങളുള്‍ക്കൊള്ളാനാവില്ല. പുതിയ തലമുറക്ക് തിരിച്ചും.
ഭാര്യക്ക് തന്റെ ശൈലിയില്‍ വീടു ഭരിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യങ്ങളിലും ഭാര്യാ-ഭര്‍തൃ ബന്ധത്തിലും ഭര്‍തൃമാതാവ് ഇടപെടരുത്, ഉപദേശങ്ങള്‍ നല്‍കാമെന്നല്ലാതെ. ഭര്‍തൃമാതാവിനോട് എനിക്ക് പറയാനുള്ളത് ഇതാണ്: നീതി അല്ലാഹുവിന്റെ ശരീഅത്താണ്. അതുകൊണ്ട് മരുമക്കളുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തണം. ഖുര്‍ആനില്‍ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് പറഞ്ഞത് വായിച്ചുനോക്കുക. ബന്ധുക്കളെയാണ് ഏറ്റവുമധികം സ്നേഹിക്കേണ്ടത്. മകന്‍ നിങ്ങളുടെ കരളാണ്, അദ്ദേഹത്തിന്റെ കുട്ടികളും. അതുപോലെത്തന്നെയാകട്ടെ, അദ്ദേഹത്തിന്റെ ഭാര്യയും. വീട്ടില്‍ മക്കള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ഥനയും സ്നേഹവും നിറഞ്ഞുനില്ക്കട്ടെ. മരുമകളുടെ തെറ്റുകള്‍ ചികയാന്‍ മെനക്കെടരുത്. പകരം അവളോട് ഗുണകാംക്ഷ പുലര്‍ത്തുക. തെറ്റുകള്‍ പൊറുത്തുകൊടുക്കുക. ന്യൂനതകള്‍ മറച്ചുവെച്ച് അതില്ലാതാക്കാന്‍ പരിശ്രമിക്കുക. നിങ്ങള്‍ അവരുടെ പ്രിയപ്പെട്ട ഉമ്മയും സഹോദരിയും കൂട്ടുകാരിയും എല്ലാമായിത്തീരുക. അങ്ങനെയാവുമ്പോള്‍ നിങ്ങളോട് മാതൃതുല്യം അവള്‍ പെരുമാറിക്കൊള്ളും.
ഭാര്യയോട് പറയാനുള്ളത് ഇതാണ്: തന്റെയും തന്റെ ഭര്‍ത്താവിന്റെയും മാതാവെന്ന രീതിയില്‍ നീ പെരുമാറിയാല്‍ എത്ര നന്ന്? ഭര്‍ത്താവുണ്ടായത് ആ വൃക്ഷത്തിലല്ലേ? അതിന്റെ തണലിലല്ലേ? വൃക്ഷത്തിലുണ്ടായ ഫലമാണ് നീ പറിച്ചെടുത്തത്. പക്ഷേ മരം മുറിക്കരുത്. അവരെ അനുസരിച്ചാല്‍ നിനെക്കെന്തുമാത്രം ദൈവിക പ്രതിഫലം കിട്ടുമെന്നറിയാമോ? മഹത്തായ പ്രതിഫലം. സ്വന്തം ഉമ്മയുടെ തൃപ്തി കാംക്ഷിക്കുന്ന പോലെ അതുകൊണ്ട് ഭര്‍തൃമാതാവിന്റെയും തൃപ്തി കാംക്ഷിക്കുക.
മാതാപിതാക്കളെ ഉപദ്രവിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്. സ്വന്തം മാതാപിതാക്കളോടും കുടുംബത്തോടും നീതി പുലര്‍ത്താന്‍ ഭര്‍ത്താവിനെ നീ സഹായിക്കുകയാണ് വേണ്ടത്. ഭര്‍തൃമാതാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നന്നായി പെരുമാറുന്നത് നിനക്കനുഗ്രഹമാകും.
മാതാപിതാക്കളോടും പ്രായമായവരോടും നന്നായി പെരുമാറുവാനാണ് നമ്മുടെ ദീന്‍ പഠിപ്പിച്ചിട്ടുള്ളത്. മാതാപിതാക്കളെ സ്നേഹിച്ചാല്‍ ഭര്‍ത്താവിന്റെ മനസ്സിനെ കീഴടക്കാം. അദ്ദേഹത്തിന്റെ തൃപ്തി നേടാം. സാധാരണ സ്ത്രീകളെപ്പോലെ മുസ്ലിം സ്ത്രീ എപ്പോഴും അമ്മായിയമ്മയെക്കുറിച്ച് പരാതിപറയുന്നവളാവരുത്. മതനിഷ്ഠയുള്ള മുസ്ലിം കുടുംബത്തില്‍ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാവില്ല. ഭര്‍ത്താവ് നീതിപൂര്‍വം പെരുമാറണം. മുഴുവനായും ഭാര്യയുടെ ഭാഗത്തേക്ക് ചായുകയും മാതാവിനെ വേദനിപ്പിക്കുകയും ചെയ്യരുത്. അത്പോലെ മാതാവിന്റെ ഭാഗത്താണ് തെറ്റെങ്കില്‍പോലും ഭാര്യക്കെതിരെ നിലകൊള്ളുകയുമരുത്. നീതിയും നല്ല പെരുമാറ്റവും ഏതു പ്രശ്നങ്ങളും പരിഹരിച്ചുകൊള്ളും.
സ്നേഹസ്രോതസ്സ്
അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക. എത്ര നല്ല ആശയം! ആത്മാവിനും മനസ്സിനും കുളിര്‍മ നല്‍കുന്ന സ്നേഹം. മുസ്ലിംകള്‍ക്കിടയിലെ ബന്ധത്തെ ഊട്ടിയുറപപ്പിക്കുന്ന ഘടകം. ഇസ്ലാമിക പ്രബോധനം നടത്തുന്ന വനിത, സ്നേഹസാഹോദര്യങ്ങളുടെ ഈ വികാരം നഷ്ടപ്പെടുന്നതോടെ നിര്‍ഭാഗ്യവതിയാകുന്നു. ജീവിതത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുന്നു അവള്‍ക്ക്.
പ്രബോധന രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു വനിതയെ എപ്പോഴും മുമ്പോട്ടു നയിക്കുന്നത് ആ പ്രബോധന കര്‍മത്തോടുള്ള അളവറ്റ പ്രേമമാണ്. അതാണവള്‍ക്ക് പ്രതിസന്ധികളില്‍ താങ്ങായി നില്‍ക്കുന്നത്. ആ വികാരത്തില്‍നിന്നാണ് എന്തും സഹിക്കാനുള്ള ക്ഷമ ഉറന്നു വരുന്നത്. പ്രബോധനത്തോടുള്ള ഈ പ്രേമം തന്റെ യാത്ര തുടരാന്‍ അവള്‍ക്ക് ബലം നല്‍കുന്നു. അല്ലാഹു തന്നെക്കുറിച്ച് തൃപ്തിപ്പെട്ട വിധത്തില്‍ അവനെ കണ്ടുമുട്ടണമെന്ന ആശയാണവള്‍ക്ക്. അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് പ്രതീക്ഷയുണ്ടവള്‍ക്ക്.
പ്രബോധന പ്രവര്‍ത്തനം നടത്തുന്ന സഹോദികളേയും സ്നേഹിക്കുക. ജിഹാദില്‍ തങ്ങളുടെ സഹയാത്രികരാണവര്‍. സഹോദരികളുടെ സഹവാസം അബലകളെ ശക്തയാക്കുന്നു.
പ്രബോധകകളായ കൂട്ടുകാരികള്‍, ജനം അമാന്തിച്ചു നില്‍ക്കുമ്പോള്‍ അവര്‍ ഉണര്‍ന്നിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാനും അവന്റെ പാതയില്‍ ഉറച്ചു നില്‍ക്കാനും അവര്‍ ജാഗ്രത പുലര്‍ത്തുന്നു. അസത്യത്തിന്റെ മുഖത്ത് സത്യവുമായി കടന്നാക്രമണം നടത്തുന്ന വനിതകളാണവര്‍. കലിയുഗത്തില്‍ നന്മ പ്രചരിപ്പിക്കുന്നവര്‍. ദീനിനേയും അഭിമാനത്തേയും പ്രതിരോധിച്ചുനില്ക്കുന്നവര്‍.
പ്രബോധനത്തോടും പ്രബോധനരംഗത്തെ കൂട്ടുകാരികളോടും സ്നേഹമുണ്ടാവാന്‍ എന്താണുവഴി? സ്വാര്‍ഥതയെ എങ്ങനെ അതിജയിക്കാം? ഒന്നാമതായി വേണ്ടത് അല്ലാഹുവിന്റെ മാത്രം പ്രീതി ആഗ്രഹിക്കുക എന്നതാണ്. മനസ്സുമായി ബന്ധപ്പെട്ടതാണത്. ഈ നിഷ്കളങ്കതയുണ്േടാ തനിക്ക് എന്നെല്ലാവരും പരിശോധിച്ചുനോക്കണം. മറ്റുള്ളവരെക്കുറിച്ച വിശ്വാസവും ആദരവും പുലര്‍ത്തുക എന്നതാണ് മറ്റൊന്ന്. എല്ലാവരുടേയും മാനസികാവസ്ഥയെ മാനിക്കുക.
പരസ്പരബന്ധം നന്നാക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ തന്നെകക്കുറിച്ച് തെറ്റിദ്ധരിച്ചാലും തന്നെ വിഷമിപ്പിച്ചാലും വിട്ടുവീഴ്ച കാണിക്കുക. മാന്യന്മാരുടെ സ്വഭാവമാണ് വിട്ടുവീഴ്ച. അഭിപ്രായവ്യത്യാസങ്ങള്‍ ഭിന്നിപ്പിനു കാരണമാകരുത്. അഭിപ്രായവ്യത്യാസത്തിന്റെ നീതിശാസ്ത്രമെന്തെന്ന് നമ്മുടെ ദീന്‍ പറഞ്ഞുതന്നിട്ടുണ്ട്.
പ്രബോധന ബറ്റാനിയനിലെ ഒരംഗമാണ് ഇസ്ലാമിക പ്രബോധക. ഒരംഗത്തിന് ഒറ്റയ്ക്ക് വല്ലതും ചെയ്യാന്‍ കഴിയുമോ? പരസ്പര സ്നേഹത്തോടെ ഒന്നിച്ചു നില്ക്കുമ്പോഴാണ്പ്രതിബന്ധങ്ങളെഅതിജീവിക്കാനാവുക.
അതോടൊപ്പം നമ്മുടെ പ്രബോധിതകളെയും നാം സ്നേഹിക്കണം. പ്രബോധകയും പ്രബോധിതയും തമ്മില്‍ ഒരാത്മബന്ധമുണ്ടാവട്ടെ. തങ്ങളുടെ വാക്കുകള്‍ അവര്‍ക്കു മനഃശ്ശാന്തി നല്‍കട്ടെ.
അല്ലാഹുവിനുവേണ്ടി സ്നേഹിക്കുക എന്നതു ഇസ്ലാമിക പ്രബോധനത്തിന്റെ അടിസ്ഥാനമാണ്. സ്നേഹത്തെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനു വേണ്ടിയുള്ള സ്നേഹം ഇസ്ലാമിക പാശങ്ങളില്‍ ഏറ്റവും ബലിഷ്ഠമെത്രേ. അന്ത്യനാളില്‍ അല്ലാഹു പ്രത്യേകം തണല്‍ വിരിക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്ന് അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിച്ച രണ്ടാളുകളാണെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹത്തോടെ നിലയ്ക്കുന്ന പ്രവര്‍ത്തനം
ഇസ്ലാമിക പ്രബോധനത്തെക്കുറിച്ച ചിന്ത മനസ്സിന്റെ അകത്തളങ്ങളില്‍ നിറഞ്ഞു നില്ക്കുമ്പോള്‍, ധമനികളിലെ രക്തയോട്ടത്തോടൊപ്പം പ്രവര്‍ത്തനജ്വരം പടര്‍ന്നുകേറുമ്പോള്‍, പ്രബോധനപ്രവര്‍ത്തനമില്ലാത്ത ഒരു ജീവിതം തന്നെ സങ്കല്‍പിക്കാനാവില്ലെന്ന് വരുമ്പോള്‍, ഇസ്ലാമിനെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ആത്മസായൂജ്യമടയുമ്പോള്‍, അതിനെ വിജയിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ മനസംതൃപ്തി അടയുമ്പോള്‍, അപ്പോഴാണ് ഒരാളുടെ മുഴുവന്‍ ശേഷിയും പുറത്തുവരുന്നത്. അങ്ങനെയാവുമ്പോള്‍ ഒരാള്‍ക്ക് പ്രസ്ഥാനത്തിന്റെ കത്തിനില്ക്കുന്ന കണ്ണിയായിത്തീരാന്‍ സാധിക്കുന്നു. പിന്നെ പരീക്ഷണമില്ല, പിന്മാറ്റമില്ല. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക, റസൂലിന്റെ മാര്‍ഗത്തില്‍ സംഭവിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലനമില്ല. എന്റെ അറുപതുവര്‍ഷത്തെ പ്രബോധന ജീവിതത്തില്‍ ഇത്തരത്തിലുള്ള എത്രയോ ചെറുപ്പക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എത്രയോ സഹോദരികളേയും. അവരുടെ ശ്രമങ്ങള്‍ക്കൊക്കെയും അല്ലാഹു പ്രതിഫലം നല്‍കട്ടെ. അവര്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാവട്ടെ. അവര്‍ വഴി ഇസ്ലാമിന്റെ പതാക പാറിക്കളിക്കട്ടെ.
പക്ഷെ ഒന്നുണ്ട്. മുസ്ലിം സഹോദരിമാരെ സംബന്ധിച്ചെടത്തോളം ഈ പ്രവര്‍ത്തനാവേശം ഞാന്‍ കണ്ടിട്ടുള്ളത് അവരുടെ വിവാഹത്തിനു മുമ്പാണ്. അവര്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍. അപ്പോള്‍ ഗാര്‍ഹിക ബാധ്യതതകള്‍ കുറവായിരിക്കുമല്ലോ. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമയം ലഭിക്കും. എന്നാല്‍ വിവാഹിതയാവുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു. ആവേശം തണുക്കുന്നു. ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പറ്റേ നിലയ്ക്കുന്നു. ചിലരുടേത് കുറയുന്നു. പുതിയ സാഹചര്യത്തിലും പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുന്നവര്‍ വളരെ വിരളം. പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ അറിയാവുന്ന ഒരു വസ്തുതയാണിത്. അവര്‍ ചോദിക്കുന്നുണ്ട്: എങ്ങനെയാണിത് സംഭവിക്കുന്നത്? എന്താണ് പരിഹാരം? മുസ്ലിം സഹോദരിയുടെ പ്രവര്‍ത്തനങ്ങള്‍ വിവാഹിതയായാലും നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ എന്താണ് മാര്‍ഗ്ഗം?
പ്രബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം വിവാഹവും അവരുടെ പ്രബോധന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. മതബോധവും ഇസ്ലാമിക പ്രവര്‍ത്തനതല്‍പരതയുള്ള, ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ സ്ത്രീയുടെ പങ്കിനെക്കുറിച്ച് മനസ്സിലാക്കുകയും അതിലവളെ സഹായിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ ലഭിക്കണമെന്നേയുള്ളൂ. ഒരു വീടിന്റെ ഉത്തരവാദിത്തവും ഗര്‍ഭവും പ്രസവവുമൊക്കെയായി ഭാരം കൂടുമ്പോള്‍ പ്രവര്‍ത്തനത്തിനുള്ള സമയം കുറഞ്ഞുപോകുന്നതായാണ് സംഭവിക്കുന്നത്. സ്വാഭാവികമാണത്. ഇവിടെ ചോദ്യമിതാണ്.ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ള അവളുടെ ആവേശം നിലനിര്‍ത്താന്‍ എന്താണ് പോംവഴി? പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ പഠിക്കേണ്ട വിഷയമാണിത്.
ഒരു പ്രദേശത്തെ വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന സഹോദരി ആ പ്രദേശത്തെ കുടുംബിനികളായ പ്രബോധകകളെ പ്രവര്‍ത്തനരംഗത്ത് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാവും എന്നു പഠിക്കണം. അവരെന്തൊക്കെ ചെയ്യണം, ഓരോ പ്രവര്‍ത്തനത്തിനും എത്രസമയം ചിലവഴിക്കണം എന്നൊക്കെ നിര്‍ണ്ണയിച്ചുകൊടുക്കുക, ഒരു ക്ളാസെടുക്കുക, അല്ലെങ്കില്‍ ഒരു വിഷയത്തെക്കുറിച്ചു പഠിക്കുക, ഒരു പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുക, ഒരു സൌഹൃദസന്ദര്‍ശനത്തില്‍ പങ്കെടുക്കുക. ഇങ്ങനെ ജോലി നിര്‍ണ്ണയിച്ചുകൊടുക്കാം. എന്നിട്ടു വേണ്ടസമയം കണക്കാക്കി അത്രയും സമയം വീട്ടുജോലികള്‍ക്കിടയില്‍ കുടുംബിനിക്ക്ലഭിക്കുമോ, അതോ കൂടുതല്‍ ലഭിക്കുമോ എന്നൊക്കെ പരിശോധിക്കണം. അതുപോലെത്തന്നെ അവള്‍ക്ക് ഏറ്റവുമധികം കഴിയുന്ന ജോലിയേത് എന്ന് മനസ്സിലാക്കി അത് ഏല്പിക്കണം.
വിവാഹിതകളായതുകൊണ്ട് പ്രവര്‍ത്തനരംഗത്തേക്കിറങ്ങിവരാന്‍ കഴിയാതെ പോവുന്ന സഹോദരിമാര്‍ക്ക് പലതും ചെയ്യാനാവും. വീട്ടിലിരുന്നു പല സഹോദരികളുമായി പ്രബോധനബന്ധം സ്ഥാപിക്കാം. പഠനങ്ങള്‍, പരിപാടികള്‍ക്കുവേണ്ടി ഭക്ഷണം പാകം ചെയ്തുകൊടുക്കല്‍. അങ്ങനെ പലതും. കുട്ടികള്‍ വലുതാവുന്നതുവരെ. ഇങ്ങനെയൊക്കെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുക. കുട്ടികള്‍ വലുതായാല്‍ വീണ്ടും രംഗത്തിറങ്ങുകയും ചെയ്യാമല്ലോ.
**************
പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികള്‍
ലോകത്തിന്റെ പല ഭാഗത്തുനിന്നും എനിക്കു കത്തുകള്‍ വരാറുണ്ട്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കത്തുകള്‍. മാനസികവും മാനുഷികവും ധാര്‍മ്മികവും സാമൂഹികവുമായ പ്രശ്നങ്ങളാണവയിലൊക്കെയും. ആ കത്തുകള്‍ക്കുള്ള എന്റെ മറുപടികള്‍ ക്രോഡീകരിച്ചതാണ് 'യുവാക്കളുടേയും യുവതികളുടേയും പ്രശ്നങ്ങള്‍' എന്ന കൃതി. എല്ലാവര്‍ക്കും വായിക്കാനും സൂക്ഷിക്കാനും വേണ്ടിയാണ് അത് ഗ്രന്ഥമാക്കിയത്.പ്രത്യേകിച്ച് ഒരേ പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. ലജ്ജ മൂലം പലരും അവയുടേയൊന്നും പരിഹാരമന്വേഷിക്കുന്നുമില്ല. എനിക്ക് ലഭിച്ച ആയിരക്കണക്കിന് കത്തുകളില്‍ ചിലത് തെരഞ്ഞെടുത്ത് മറുപടി എഴുതിയിക്കുകയാണ്. ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം നൂറ്റിയമ്പതു പ്രശ്നങ്ങളും അവയ്ക്കുള്ള മറുപടിയുമാണ്. രണ്ടാം ഭാഗവും വൈകാതെ പ്രസിദ്ധീകരിക്കപ്പെടും. ഇന്‍ശാഅല്ലാഹ്!
വിവാഹപ്രായം കഴിഞ്ഞ അവിവാഹിതര്‍ ഒരു വലിയ പ്രശ്നമാണ്. മതനിഷ്ഠയും ഇസ്ലാമിക സ്വഭാവവുമുള്ള യുവതികളുടെ നൂറുക്കണക്കിന് കത്തുകളാണ് ആ വിഷയത്തില്‍ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് സൌന്ദര്യത്തിന്റേയോ സംസ്കാരത്തിന്റേയോ വിദ്യാഭ്യാസതത്തിന്റേയോ തറവാടിന്റേയോ കുറവില്ല. എന്നിട്ടും അവര്‍ അവിവാഹിതരായി കഴിയേണ്ടിവരുന്നു. അവരെ മാനസികവും സാമൂഹികവുമായി വേട്ടയാടുന്ന പ്രശ്നമാണത്. അവരുടെ ജീവിതത്തിന് തെളിമ നഷ്ടപ്പെടുന്നു. യുവതി തന്റെ പ്രയാസങ്ങളൊക്കെ സഹിക്കുകയും ദൈവികവിധിയില്‍ തൃപ്തിപ്പെട്ടു കഴിയുകയും ചെയ്താല്‍ പോലും സമൂഹം അവരോട് കാരുണ്യം കാണിക്കുകയോ അവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കുകയോ ചെയ്യുന്നില്ല. സ്വന്തം കുടുംബം പോലും ചിലപ്പോള്‍ അവളെ പീഢിപ്പിക്കുന്നു. അങ്ങനെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ അവളെ തകര്‍ത്തുകളയുന്നു. തദ്ഫലമായി ചിലര്‍ എങ്ങനെയെങ്കിലും പ്രശ്നത്തില്‍ മോചനം തേടാനായി ആചാരങ്ങള്‍ ലംഘിക്കുന്നു. മറ്റു ചിലര്‍ ജീവിതത്തില്‍നിന്നുതന്നെ ഒളിച്ചോടുന്നു. ചുരുക്കം ചിലര്‍ക്കേ പിടിച്ചുനില്‍ക്കാനും ഈമാന്‍കൊണ്ടും ദൈവസാമീപ്യംകൊണ്ടും പ്രശ്നത്തെ നേരിടാനും സാധിക്കുന്നുള്ളൂ.
വിവാഹപ്രായമായിട്ടും വിവാഹിതയാവാതിരിക്കാന്‍ ചില കാരണങ്ങളുണ്ട്. സാമ്പത്തികമാണ് ഒന്നാമത്തേത്. മഹ്റും വിവാഹച്ചിലവുകളും സമൂഹം നേരിടുന്ന പ്രശ്നമാണ്. (ഇന്ത്യയിലെ സ്ത്രീധന പ്രശ്നത്തിന്റെ വകഭേദമാണ് അറേബ്യന്‍ സമൂഹത്തിലെ വന്‍ മഹ്ര്‍ തുക. രണ്ടും വിവാഹത്തിനു മുമ്പില്‍ വിഘ്നം സൃഷ്ടിക്കുന്നു. വിവഃ) യുവാക്കള്‍ക്ക് പാര്‍പ്പിടവും ജോലിയുമില്ലാത്ത പ്രശ്നങ്ങള്‍ വേറെയും.
പെണ്‍കുട്ടിയുടെ പിതാവ് മനസ്സിലാക്കണം. മഹ്ര്‍ ഏറ്റവും കുറഞ്ഞ വിവാഹമാണ് ഏറ്റവും ബര്‍ക്കത്തുള്ള വിവാഹം. ഹലാല്‍ പ്രയാസമാക്കുകയും ഹറാം എളുപ്പമാക്കുകയും ചെയ്യുന്ന ആചാരങ്ങളില്‍നിന്ന് അവര്‍ വിമുക്തരാവണം. വിവാഹാന്വേഷണവുമായി വരുന്ന ചെറുപ്പക്കാരന്റെ വ്യക്തിത്വമാണ് പരിഗണിക്കേണ്ടത്. അവന്റെ കീശയിലേക്ക് നോക്കരുത്. അതേപോലെ തന്നെ സാമ്പത്തിക പ്രയാസംമൂലം വിവാഹം കഴിക്കാനാവാത്ത യുവാക്കളെ സഹായിക്കാന്‍ സമൂഹം മുന്നോട്ടുവരണം. അവര്‍ക്ക് മാന്യമായ ജോലിയും പാര്‍പ്പിടവുമുണ്ടാക്കികൊടുത്തുകൊണ്ട് വിവാഹത്തിന് സഹായിക്കണം.
വന്‍തുക മഹ്ര്‍ ആവശ്യപ്പെടുന്നവര്‍ ഇസ്ലാമികാചാരം അനുഷ്ഠിക്കുകയൊന്നുമല്ല. സുഹൃത്തുക്കളുടേയും അയല്‍വാസികളുടേയും മുമ്പില്‍ അഹങ്കരിക്കുക മാത്രമാണ്. പ്രയാസങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്ന ഇസ്ലാമിക രീതിക്ക് വിരുദ്ധമായ ഏര്‍പ്പാടത്രെ ഇത്.
വ്യത്യസ്ത കുടുംബങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ കുറവായതുകൊണ്ട് യുവാക്കള്‍ക്ക് തങ്ങള്‍ക്ക് പറ്റിയ ഇണകളെ കണ്െടത്താനാവത്തതുമൂലവും ബന്ധുക്കളില്‍നിന്നേ വിവാഹം കഴിക്കൂ എന്ന ചിലരുടെ നിര്‍ബന്ധവുമൊക്കെ പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. യുദ്ധം മൂലമോ മറ്റോ പുരുഷന്മാരുടെ എണ്ണം കുറയുന്നത് മറ്റൊരു കാരണമാണ്. ബന്ധുക്കളില്‍ നിന്നല്ല അന്യ കുടുംബങ്ങളില്‍ നിന്നു ഇണയെ കണ്െടത്തുതതിനേയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. ആരോഗ്യപരമായി മാത്രമല്ല സമൂഹത്തിലെ മൊത്തം ബന്ധം നന്നാക്കാനും അതാണ് ആവശ്യം. വ്യത്യസ്ത കുടുംബങ്ങള്‍ തമ്മില്‍ അറിഞ്ഞിരിക്കുന്നത് ആരെക്കൊയാണ് വിവാഹപ്രായമെത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഉപകരിക്കും.
ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വവും അവിവാഹിതകളായിക്കഴിയുന്ന പെണ്‍കുട്ടികളുടെ പ്രശ്നത്തിനു പരിഹാരമാണ്. പക്ഷെ, രണ്ടാം വിവാഹത്തെ ഒരു വന്‍ പാതകമായിട്ടാണ് സമൂഹം കാണുന്നത്. അതിനേക്കാള്‍ വലിയൊരു വിപത്തില്ലെന്നൊരു മട്ടിലാണവര്‍. ഭര്‍ത്താവ് മറ്റൊരു ഭാര്യയെക്കൂടിവരിക്കുന്നുവെന്നറിയുമ്പോള്‍ ദാമ്പത്യബന്ധം തന്നെ തകര്‍ക്കാനൊരുമ്പെടുന്നവരാണ് ഭൂരിഭാഗം സ്ത്രീകളെന്നതും ഖേദകരം തന്നെ. സമൂഹത്തിന്റെ പഴയ പാരമ്പര്യവീക്ഷണമാണത്. പടിപടിയായി ഈ ചിന്താഗതി ഇസ്ലാമികാധ്യാപനങ്ങള്‍ക്കൊത്ത് മാറ്റിയെടുക്കേണ്ടതാണ്. നല്ല പരിശ്രമവും ബോധവല്‍ക്കരണവും ആവശ്യപ്പെടുന്ന ദൌത്യമത്രെ അത്.
**************
പ്രവര്‍ത്തനത്തിലെ തളര്‍ച്ച
വിശ്വാസത്തിലും പ്രവര്‍ത്തനരംഗത്തും തളര്‍ച്ച ബാധിക്കുക എന്നത് ഇസ്ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന പലവനിതകളേയും അലട്ടുന്ന ഒരു പ്രശ്നമാണ്. പലരും ഈ പ്രശ്നം എന്റെ മുമ്പില്‍ അവതരിപ്പിക്കുകയും പരിഹാരം തേടുകയും ചെയ്യാറുണ്ട്.
ഈ രോഗത്തില്‍നിന്ന് എങ്ങനെ രക്ഷപ്പെടാം? തളര്‍ച്ചയില്ലാതെ ഒരു വിശ്വാസിക്ക് ജീവിക്കാന്‍ കഴിയിമോ? ഈ രോഗത്തിന്റെ കാരണമെന്ത്? വ്യക്തിയേയും സംഘടനയേയും അതെങ്ങനെ ബാധിക്കുന്നു? എന്താണ് പരിഹാരം?
ഈമാന്‍ വര്‍ധിക്കാതിരിക്കുകയും പ്രവര്‍ത്തനം നിലക്കുകയും ചെയ്യുക. ഇതാണ് നാമുദ്ദേശിക്കുന്ന തളര്‍ച്ച. മനസ്സിന്റെ പ്രകൃതവുമായും അവസ്ഥാവിശേഷങ്ങളുമായും ബന്ധപ്പെട്ടതാണ് പ്രശ്നം.
ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നാണ്. ചില ഘടകങ്ങള്‍ ഈമാനിന്റെ ശേഷി വര്‍ധിപ്പിക്കുന്നു. വേറെ ചില ഘടങ്ങള്‍ അതിനെ ശോഷിപ്പിക്കുന്നു. ഏത് മുസ്ലിമിന്റേയും അവസ്തയാണിത്. പ്രവാചക(സ)ന്റെ എഴുത്തുകാരിലൊരാളായിരുന്ന ഹന്‍ളലുബിനുര്‍റബീഅ് പറയുന്നു: ഒരിക്കല്‍ അബൂബക്കര്‍ (റ) എന്നെ കണ്ടപ്പോള്‍ ചോദിച്ചു. എന്താണ് വിശേഷം ഹന്‍ളല? ഹന്‍ളല കപടവിശ്വാസി (മുനാഫിഖ്) ആയിരിക്കുന്നു. അബൂബക്കര്‍: സുബ്ഹാനല്ലാഹ്! എന്താണ് താങ്കളീ പറയുന്നത്? ഞാന്‍ പറഞ്ഞു: നാം റസൂലിന്റെ അടുത്താവുമ്പോള്‍ അദ്ദേഹം സ്വര്‍ഗത്തേയും നരഗത്തേയും കുറിച്ച് പറയുന്ന വേളകളില്‍ അതൊക്കെ കണ്ണുകൊണ്ട് കാണുന്നതുപോലെ തോന്നും. എന്നാല്‍ റസൂലിന്റെ അടുത്തുനിന്ന് പോകുകയും കുടുംബവും കുട്ടികളുമായി കളിച്ചുല്ലസിക്കുകയും ചെയ്യുമ്പോള്‍ പലതും മറക്കുന്നു. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: എനിക്കും ഇതേ അവസ്ഥയാണ്. അങ്ങനെ ഞാനും അബൂബക്കറും പ്രവാചകന്റെ അടുത്തുചെന്നു പറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ കൂടെയാവുകയും അങ്ങ് സ്വര്‍ഗ-നരഗങ്ങളെക്കുറിച്ച് പറയുകയും ചെയ്യുമ്പോള്‍ അത് കണ്ണുകൊണ്ട് കാണുന്നുണ്െടന്നു തോന്നും. എന്നാല്‍ കുടുംബത്തോടും കുട്ടികളോടുമൊപ്പമാവുമ്പോള്‍ അതൊക്കെ മറക്കുന്നു. അപ്പോള്‍ റസൂല്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം. എന്റെ അടുത്താവുമ്പോഴുള്ള അതേ അവസ്ഥയില്‍ നിങ്ങള്‍ തുടര്‍ന്നുപോവുമായിരുന്നെങ്കില്‍ നിങ്ങളുടെ വിരിപ്പിലും വഴിയിലുംവെച്ചൊക്കെ മലക്കുകള്‍ നിങ്ങള്‍ക്ക് ഹസ്തദാനം ചെയ്യുമായിരുന്നു. പക്ഷെ, ഹന്‍ളല! കുറച്ചുസമയം ആരാധനക്ക് നീക്കിവെക്കുക. കുറച്ചുസമയം ജീവിതകാര്യങ്ങള്‍ക്കും.
ചുരുക്കത്തില്‍, ഈമാന്‍ കുറയുകയും കൂടുകയും ചെയ്യുക എന്നത് മനുഷ്യപ്രകൃതിയാണ്. സ്വാഭാവികമാണത്. പ്രതീക്ഷ നഷ്ടപ്പെടുക, പ്രവര്‍ത്തനഫലത്തെക്കുറിച്ച് നിരാശ തോന്നുക, പ്രബോധനമാര്‍ഗത്തിലെ പ്രയാസങ്ങളില്‍ ക്ഷമ നഷ്ടപ്പെടുക, ഐഹിക ജീവിതവും അതിന്റെ ആസ്വാദനവുമായി കെട്ടുപിണഞ്ഞ് കഴിയുക, ചീത്ത സുഹൃത്തുക്കളുമായുള്ള സഹവാസം, ആത്മവിശ്വാസമില്ലായ്മ തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് വിശ്വാസത്തിലും കര്‍മശേഷിയിലും തളര്‍ച്ച അനുഭവപ്പെടുന്നത്.
പരിഹാരം ഇതാണ്: മനശ്ശക്തി വര്‍ധിപ്പിക്കുക, അല്ലാഹുവെക്കുറിച്ച് നല്ലത് വിചാരിക്കുക, പ്രവര്‍ത്തനഫലതത്തില്‍ പ്രതീക്ഷ പുലര്‍ത്തുക, ക്ഷമ ശീലിക്കുക, നന്മചെയ്യാന്‍ പ്രേരിപ്പിക്കുന്ന നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുക, നല്ല മനുഷ്യരെ സന്ദര്‍ശിച്ച് അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുക, അവരുടെ മാതൃക പിന്തുടരുക, മരണ ചിന്ത വര്‍ധിപ്പിക്കാന്‍ ഖബര്‍ സന്ദര്‍ശിക്കുക, നല്ല പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളിത്തം വഹിക്കുക, ലോകത്തുള്ള സ്വന്തം സഹോദരങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസ്സലാക്കാന്‍ ശ്രമിക്കുക, സര്‍വോപരി അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങള്‍ തേടുക.
ആരാധനകളുടേയും പ്രബോധന പ്രവര്‍ത്തനങ്ങളുടേയും കാര്യത്തില്‍ ചിലപ്പോഴൊക്കെ പിന്നോക്കം പോവുന്നത് സ്വാഭാവികമാണ്. പക്ഷേ, അത് തുടരുന്നുവെങ്കില്‍ പ്രശ്നം ഗുരുതരമാണ്. അങ്ങനെയെങ്കില്‍ അത് ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. ഈമാന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇവിടെ നാം ഓര്‍ക്കുക. അബ്ദുല്ലാഹിബ്നു റവാഹ എന്ന സഹാബി മദീനയുടെ തെരുവുകളിലൂടെ നടന്ന് പറയാറുണ്ടായിരുന്നു: വരൂ നമുക്ക് അല്‍പനേരമിരുന്ന് ഈമാന്‍ വര്‍ധിപ്പിക്കാം.
**************
പരീക്ഷണങ്ങളെ നേരിടുക
പ്രബോധനരംഗത്ത് പരീക്ഷണങ്ങള്‍ നേരിടുകയെന്നത് അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍പെട്ടതാണ്. ഖുര്‍ആന്‍ പറയുന്നു: "ജനങ്ങള്‍ ധരിച്ചുവെച്ചിരിക്കുകയാണോ, 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നുപറഞ്ഞതുകൊണ്ടുമാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണവിധേയരാവുകയില്ലെന്നും? എന്നാല്‍ അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സകലജനങ്ങളേയും നാം പരീക്ഷിച്ചിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്.'' (അല്‍ അന്‍കബൂത്ത് 2,3)
പരീക്ഷണം കൊണ്ടുദ്ദേശിക്കുന്നതെന്തെന്ന് ഈ വചനം വ്യക്തമാക്കുന്നു. സത്യസന്ധരെയും കള്ളവാദികളേയും തിരിച്ചറിയുക. നിഷ്കപടരേയും കപടന്മാരെയും വേര്‍തിരിച്ച് മനസ്സിലാക്കുക. ഇങ്ങനെയൊരു പരീക്ഷണം പ്രബോധനത്തെ സംബന്ധിച്ചെടത്തോളം അനിവാര്യമത്രെ. എങ്കിലേ അതിന്റെ നൈരന്തര്യം നിലനില്‍ക്കൂ.
പ്രവാചകന്മാര്‍ പരീക്ഷണവിധേയരായിട്ടുണ്ട്. അവരാണല്ലോ നമ്മുടെ മാതൃക. ഇബ്രാഹീം(അ) തീയിലെറിയപ്പെട്ടു. ഇസ്മാഈലി(അ)നെ അറുക്കാനൊരുങ്ങി. യൂനുസ്(അ)നെ മത്സ്യം വിഴുങ്ങി. യൂസുഫ്(അ) കിണറ്റിലെറിയപ്പെട്ടു. ഈസാ(അ)യെ കുരിശിലേറ്റാന്‍ ഗൂഢാലോചന നടന്നു. മുഹമ്മദ്(സ)യും ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായി. അദ്ദേഹത്തിന്റെ അനുചരന്മാരും തുടര്‍ന്ന് പ്രബോധനപാതയില്‍ നിലയുറപ്പിച്ച സര്‍വരും പരീക്ഷിക്കപ്പെടുകയുണ്ടായിട്ടുണ്ട്.
പരീക്ഷണം ദൈവകോപത്തിന്റെ തെളിവല്ല. പ്രബോധനപ്രവര്‍ത്തനങ്ങളിലെ വ്യതിചലനത്തിന്റെ ഫലവുമല്ല. പ്രത്യുത പ്രബോധകന്‍ പ്രവേശിച്ച പാത ശരിയാണെന്നതിന്റെ നിദര്‍ശനമാണ്. പ്രബോധകര്‍ കാര്യകാരണങ്ങള്‍ പരിഗണിക്കുകയും അല്ലാഹുവുമായി കൂടുതല്‍ അടുക്കുകയും അണികളെ സ്ഫുടം ചെയ്തെടുക്കുകയും ത്യാഗസന്നദ്ധരാവുകയും ചെയ്യണമെന്നേയുള്ളൂ.
പരീക്ഷണത്തില്‍ സന്തോഷിക്കണമെന്നല്ല പറയുന്നത്. അതിനുവേണ്ടി പ്രാര്‍ഥിക്കുകയുമരുത്. പകരം സൌഖ്യത്തിനുവേണ്ടത്തന്നെയാണ് പ്രാര്‍ഥിക്കേണ്ടത്. റസൂല്‍ പറഞ്ഞു: ശത്രുവുമായി ഏറ്റുമുട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കരുത്. ഏറ്റുമുട്ടിയാലോ ഉറച്ചുനില്‍ക്കണം.
താന്‍ ആത്മാര്‍ഥതയുള്ളവനാണോ എന്നുതിരിച്ചറിയാന്‍ ഒന്നു പരീക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ശരിയല്ല ആ നിലപാട്. പരീക്ഷണം പല വിധത്തിലുണ്ട്.ചിലപ്പോള്‍ ഒരാള്‍ക്ക് സഹിക്കാനാവും ചിലപ്പോള്‍ കഴിയില്ല. ചിലര്‍ക്ക് കഴിയുന്നത് മറ്റുചിലര്‍ക്ക് കഴിയില്ല.
ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിയ, പ്രവാചകന്മാരുടെ ചരിത്രം പഠിച്ച ഒരു ഇസ്ലാമിക പ്രബോധകയെ സംബന്ധിച്ചടത്തോളം പരീക്ഷണങ്ങള്‍ ഒരു പ്രശ്നമല്ല. അവയെ നേരിടാന്‍ അവര്‍ക്ക് സാധിക്കും. അവര്‍ അല്ലാഹുവിനോടാണ് അഭയം തേടുന്നത്. അവന്റെ സംരക്ഷണമാണ് ചോദിക്കുന്നത്. അങ്ങനെ പരീക്ഷണവേളകളില്‍ അവള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു, അതില്ലാതാക്കാന്‍ ആത്മധൈര്യം വര്‍ധിപ്പിക്കാന്‍, അക്രമികളെ അതിജയിക്കാന്‍. ആരാധനകളിലൂടെ അല്ലാഹുവുമായി അവര്‍ കൂടുതല്‍ അടുക്കുന്നു. സര്‍വോപരി ദൈവികമാര്‍ഗത്തിലെ പ്രയാസങ്ങള്‍ക്ക് അല്ലാഹു അളവറ്റ പ്രതിഫലം നല്‍കുമെന്ന പ്രതീക്ഷയിലാണവള്‍ പ്രവര്‍ത്തിക്കുന്നത്.
ശക്തരെന്ന് വിചാരിക്കുന്ന പലരും പരീക്ഷണവേളകളില്‍ പതറുന്നു. ദുര്‍ബലരെന്ന് കരുതുന്നവര്‍ ശക്തി കാണിക്കുന്നു. ശക്തി അല്ലാഹുവിന്റെ ഒരു ഔദാര്യമാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതുകൊണ്ട് പതറിപ്പോയവരെ ആക്ഷേപിക്കാന്‍ നാം മെനക്കെടരുത്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക.
പരീക്ഷണത്തെ നേരിടുന്നത് ഒരുതരത്തിലുള്ള ജിഹാദാണ്. ദേഹേഛയോട്, പിശാചിനോട്, സ്വന്തത്തോട് ജിഹാദ് നടത്തുവാന്‍ ഇസ്ലാമിക പ്രബോധകര്‍ക്ക് സാധിക്കേണ്ടതുണ്ട്.