ഇസ്ലാമിക നവോത്ഥാനം, ഇസ്ലാമിക പരിഷ്കരണം, ഇസ്ലാമിക നവജാഗരണം തുടങ്ങിയവ ആധുനിക ഇസ്ലാമിക സാഹിത്യങ്ങളിലും മീഡിയകളിലും വ്യാപകമായി ഉപയോഗിച്ചുവരുന്ന പ്രയോഗങ്ങളാണ്. അന്നഹ്ദതുല്‍ ഇസ്ലാമിയ്യഃ, തജ്ദീദ്, ഇസ്വ്ലാഹ്, അസ്സ്വഹ്വതുല്‍ ഇസ്ലാമിയ്യഃ എന്നിങ്ങനെ അറബിയിലും ഇസ്ലാമിക് റിവൈവല്‍, ഇസ്ലാമിക് റിനീവല്‍, ഇസ്ലാമിക് റിഫോം, ഇസ്ലാമിക് റീസര്‍ജന്റ് എന്നിങ്ങനെ ഇംഗ്ളീഷിലും സമാനാര്‍ഥത്തില്‍ പ്രയോഗിക്കുന്നു. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവത്തോടെയാണ് ഈ പ്രയോഗത്തിന് പ്രചുര പ്രചാരം സിദ്ധിച്ചതെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന് ഇസ്ലാമിക സംസ്കൃതിയോളം പഴക്കമുണ്ട്. അവയില്‍ ഇസ്വ്ലാഹ് (സംസ്കരണം, പരിഷ്കരണം) എന്ന പദം ഖുര്‍ആനിലും തജ്ദീദ് (സമുദ്ധാരണം) നബിവചനങ്ങളിലും വന്നിട്ടുണ്ട്. "എനിക്ക് സാധ്യമായത്ര നിങ്ങളെ സംസ്കരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്'' (വി.ഖു. 11:88) എന്ന് ശുഐബ്നബി ജനങ്ങളെ ഉണര്‍ത്തിയതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. "ഈ സമുദായത്തില്‍ ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ അവരുടെ ദീനിനെ സമുദ്ധരിക്കാനായി സമുദ്ധാരകന്മാരെ അല്ലാഹു നിയോഗിക്കു''മെന്ന നബിവചനം ഹദീഥ് ഗ്രന്ഥങ്ങളിലും കാണാം. അതിനാല്‍ നവോത്ഥാനവും പരിഷ്കരണവും ഇസ്ലാമിക സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണ്. |