Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
 

ചോദ്യോത്തരം

 
 
മനുഷ്യന്‍ മരണമടഞ്ഞാല്‍ ചിലര്‍ മണ്ണില്‍ മറവുചെയ്യുന്നു. ഏറെ വൈകാതെ മൃതശരീരം മണ്ണോടു ചേരുന്നു. വേറെ ചിലര്‍ ജഡം ചിതയില്‍ ദഹിപ്പിക്കുന്നു. അതോടെ അത് ചാരമായി മാറുന്നു. നദിയിലൊഴുക്കപ്പെടുന്ന ശവശരീരങ്ങളെ മത്സ്യം വെട്ടിവിഴുങ്ങുകയും ചെയ്യുന്നു. ഈ വിധം അപ്രത്യക്ഷരാവുന്ന മനുഷ്യരെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുമെന്നല്ലേ ഇസ്ലാം അവകാശപ്പെടുന്നത്? ഇത് വിശ്വസനീയമാണോ? മനുഷ്യബുദ്ധിക്ക് നിരക്കുന്നതാണോ?
A

എന്നും എവിടെയും മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായിരുന്നു. അറിയപ്പെടുന്ന മനുഷ്യചരിത്രത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സമൂഹങ്ങളും ജനതകളും വളരെ വിരളമത്രെ. അതുകൊണ്ടുതന്നെ ദൈവദൂതന്മാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നത് നിരീശ്വരവാദികളെയായിരുന്നില്ല. മറിച്ച്, മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ദൈവവിശ്വാസികളെയായിരുന്നു. പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന വിവിധ കാലഘട്ടങ്ങളിലെ ജനങ്ങള്‍ പരലോകത്തെ അവിശ്വസിക്കുന്നവരും തള്ളിപ്പറയുന്നവരുമായിരുന്നു. അവരുന്നയിച്ച വാദങ്ങളും ചോദ്യങ്ങളും വിശുദ്ധഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:
"അവര്‍ ദൈവനാമത്തില്‍ ശക്തമായി ആണയിട്ടു പറയുന്നു: മരിച്ചുപോകുന്നവരെ അല്ലാഹു വീണ്ടും ജീവിപ്പിച്ച് എഴുന്നേല്‍പിക്കുകയില്ല.'' (അധ്യായം 16, വാക്യം 38).
"ജീവിതമെന്നാല്‍ നമ്മുടെ ഈ ഐഹികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാമൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല'' (അധ്യായം 6, വാക്യം 29).
"നിങ്ങള്‍ മരിച്ച് മണ്ണും അസ്ഥിയുമായ ശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്ന് ഇയാള്‍ നിങ്ങളോട് പറയുന്നോ? എന്നാലത് വളരെ വളരെ വിദൂരം തന്നെ. ഇയാള്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് വളരെ വിദൂരമത്രെ! നമ്മുടെ ഐഹികജീവിതമല്ലാതെ ജീവിതമില്ല. ഇവിടെ നാം മരിക്കുന്നു. ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ല.'' (അധ്യായം 23, വാക്യം 36, 37).
"അവര്‍ അവരുടെ മുന്‍ഗാമികള്‍ പറഞ്ഞതുതന്നെ പറയുന്നു. അവര്‍ പറയുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിക്കഴിഞ്ഞാല്‍ പിന്നെയും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഈ വാഗ്ദാനം ഞങ്ങള്‍ ഏറെ കേട്ടിട്ടുള്ളതാണ്. പണ്ട് ഞങ്ങളുടെ പൂര്‍വപിതാക്കളും കേട്ടുപോന്നിട്ടുണ്ട്. അതാവട്ടെ കേവലം കെട്ടുകഥകള്‍ മാത്രമാകുന്നു''(അധ്യായം 23, വാക്യം 82, 83).
"അവര്‍ ചോദിക്കുന്നു: ഞങ്ങള്‍ മരിച്ച് മണ്ണും അസ്ഥിപഞ്ജരവുമായി മാറിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ? ഞങ്ങളുടെ പൂര്‍വപിതാക്കളും അങ്ങനെ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?'' (അധ്യായം 37, വാക്യം 16, 17).
പുരാതന കാലം മുതല്‍ക്കുതന്നെ ദൈവവിശ്വാസികളായ പലരും പരലോകത്തില്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഉപര്യുക്ത വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍പിനെ നിഷേധിച്ചും അവിശ്വസിച്ചും സംശയിച്ചും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ മറുപടി നല്‍കുന്നു. "അവര്‍ ചോദിക്കുന്നു: 'ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിത്തീര്‍ന്നാല്‍ പിന്നെ വീണ്ടും പുതിയ സൃഷ്ടിയായി എഴുന്നേല്‍പിക്കപ്പെടുമെന്നോ?' അവരോടു പറയുക: നിങ്ങള്‍ കല്ലോ തുരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ ജീവനുള്‍ക്കൊള്ളാന്‍ തീരെ അസാധ്യമായതെന്ന് നിങ്ങള്‍ക്ക് തോന്നുന്ന മറ്റെന്തെങ്കിലും കടുത്ത സൃഷ്ടിയായിക്കൊള്ളുക. എന്നാലും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടും.' അവര്‍ തീര്‍ച്ചയായും ചോദിക്കും: 'ആരാണ് ഞങ്ങളെ വീണ്ടും ജീവിതത്തിലേക്ക് മടക്കുക?' പറയുക: 'ആദ്യതവണ സൃഷ്ടിച്ചവനാരോ അവന്‍ തന്നെ.' അവര്‍ തലയിളക്കി പരിഹാസത്തോടെ ചോദിക്കും: 'ഓഹോ, അതെപ്പോഴാണുണ്ടാവുക?' പറയുക: അദ്ഭുതമെന്ത്? അടുത്തുതന്നെ അത് സംഭവിച്ചേക്കാം. ദൈവം നിങ്ങളെ വിളിക്കുന്ന നാളില്‍ അതിനുത്തരമായി നിങ്ങളവനെ സ്തുതിച്ചുകൊണ്ട് പുറപ്പെട്ടുവരും. 'ഞങ്ങള്‍ അല്‍പനേരം മാത്രമേ ഈ അവസ്ഥയില്‍ കഴിഞ്ഞിട്ടുള്ളൂ' എന്നായിരിക്കും അന്നേരം നിങ്ങളുടെ തോന്നല്‍'' (അധ്യായം 17, വാക്യം 49-52).
"ഞങ്ങള്‍ കേവലം അസ്ഥികളും മണ്ണുമായിക്കഴിഞ്ഞ ശേഷം പുതിയ സൃഷ്ടിയായി വീണ്ടും എഴുന്നേല്‍പിക്കപ്പെടുകയോ' എന്നു ചോദിച്ചതിനുള്ള പ്രതിഫലമാണിത്. ഭൂലോകത്തെയും വാനലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് ഇവരെപ്പോലുള്ളവരെയും സൃഷ്ടിക്കുവാന്‍ തീര്‍ച്ചയായും കഴിവുണ്ടെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ലേ? അവരെ പുനരുജ്ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്നതിന് അവനൊരു സമയം നിര്‍ണയിച്ചുവച്ചിട്ടുണ്ട്. അതുണ്ടാവുമെന്നതില്‍ സംശയമില്ല. പക്ഷേ, അതിനെ ധിക്കരിക്കുക തന്നെ വേണമെന്ന് ധിക്കാരികള്‍ക്ക് ശാഠ്യമുണ്ട്''(അധ്യായം 17, വാക്യം 98, 99).
"മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സംശയവുമുണ്ടെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രേതസ്കണത്തില്‍നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഈ വിവരണം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാനത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൌവനം പ്രാപിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തെ തന്നെ തിരിച്ചുവിളിക്കപ്പെടുന്നു. ചിലരാവട്ടെ എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായിത്തീരാന്‍, മോശമായ പ്രായാധിക്യത്തിലേക്ക് നയിക്കപ്പെടുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൌതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതില്‍ സംശയമേയില്ല. ഖബ്റിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും, തീര്‍ച്ച''(അധ്യായം 22, വാക്യം 5-7).
"നിങ്ങള്‍ ലോകരെയെല്ലാം സൃഷ്ടിക്കുകയും പിന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുകയെന്നത് അത് അവന് ഒരു ജീവിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെയേയുള്ളൂ.'' (അധ്യായം 31, വാക്യം 28)
"സത്യനിഷേധികള്‍ വലിയ വാദമായി ഉന്നയിച്ചു, മരണാനന്തരം തങ്ങളൊരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടുകയില്ലെന്ന്. അവരോടു പറയുക: അല്ല; എന്റെ നാഥനാണ് സത്യം! നിങ്ങള്‍ തീര്‍ച്ചയായും പുനരുജ്ജീവിപ്പിക്കപ്പെടുകതന്നെ ചെയ്യും. അങ്ങനെ ചെയ്യല്‍ അല്ലാഹുവിന് തീര്‍ത്തും അനായാസകരമത്രെ.'' (അധ്യായം 64, വാക്യം 7).
"ആകാശഭൂമികളെ സൃഷ്ടിച്ചവനും അവയുടെ സൃഷ്ടിയാല്‍ ക്ഷീണിക്കാത്തവനുമായ അല്ലാഹു തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനാണെന്ന കാര്യം ഈ ജനത്തിന് മനസ്സിലായിട്ടില്ലെന്നോ? എന്തുകൊണ്ടില്ല? നിശ്ചയം, അവന്‍ സകല സംഗതികള്‍ക്കും കഴിവുള്ളവനാകുന്നു'' (അധ്യായം 46, വാക്യം 33).
"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ, അവന്‍ വെറുതെ വിടപ്പെടുമെന്ന്? അവന്‍ വിസര്‍ജിക്കപ്പെട്ട നിസ്സാരമായ ശുക്ളകണമായിരുന്നില്ലേ? പിന്നീടവന്‍ ഒട്ടിപ്പിടിക്കുന്ന വസ്തുവായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു. അവയവങ്ങള്‍ സംവിധാനിച്ചു. എന്നിട്ടതില്‍നിന്ന് സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗങ്ങളുണ്ടാക്കി. അവന്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെന്നോ?''(അധ്യായം 75, വാക്യം 36-40).
"അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇതാകുന്നു: എന്തെന്നാല്‍ ഭൂമിയെ ചൈതന്യമറ്റു കിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാലോ, പെട്ടെന്നതാ അത് ചലനം കൊള്ളുകയും വളര്‍ന്നു വികസിക്കുകയും ചെയ്യുന്നു. നിശ്ചയം, ഈ മൃതഭൂമിയെ സജീവമാക്കിയതാരോ, അവന്‍ മരിച്ചുപോയവരെയും ജീവിപ്പിക്കുന്നവനാകുന്നു. അവന്‍ സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ'' (അധ്യായം 41, വാക്യം 39).
"മനുഷ്യന്‍ വിചാരിക്കുന്നുവോ, അവന്റെ അസ്ഥികളെ സംഘടിപ്പിക്കാന്‍ നമുക്കാവില്ലെന്ന്. എന്തുകൊണ്ടാവില്ല? നാമവന്റെ വിരല്‍തുമ്പുകള്‍ വരെ കൃത്യമായി നിര്‍മിക്കാന്‍ കഴിവുള്ളവനല്ലോ.'' (അധ്യായം 75, വാക്യം 3, 4).
ചുരുക്കത്തില്‍, ഇല്ലായ്മയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവനെ പുനരുജ്ജീവിപ്പിക്കുക ഒട്ടും പ്രയാസകരമായ കാര്യമല്ല. അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി കൈവിരലുകളും വ്യതിരിക്തമായ തലമുടിയും രക്തത്തുള്ളികളും ഗന്ധവുമൊക്കെ നല്‍കി സൃഷ്ടികര്‍മം നിര്‍വഹിച്ച ദൈവത്തിന് മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുക എന്നത് തീര്‍ത്തും അനായാസകരമത്രെ. നിര്‍ജീവമായ ഭൂമി മഴ കിട്ടിയാല്‍ സജീവമാകുന്ന പോലെ മരിച്ചു മണ്ണായ മനുഷ്യരെ അല്ലാഹു വിളിക്കുമ്പോള്‍ പുനരുജ്ജീവിച്ച് ഓടിയെത്തുന്നുവെന്നത് തീരെ അയുക്തികമോ അവിശ്വസനീയമോ അല്ല. ശരീരത്തിന്റെ നേരിയ ഒരു അംശമുപയോഗിച്ച് ക്ളോണിംഗിലൂടെ പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്ന ലോകത്ത്, സര്‍വശക്തനായ ദൈവം മനുഷ്യനെ പുനഃസൃഷ്ടിക്കുമെന്ന സത്യം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് അയുക്തികവും വിസ്മയകരവുമായ കാര്യം.

 

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition